Thursday, February 23, 2012

രണ്ടു ട്രെയിന്‍ യാത്രകള്‍


വിനോദ സഞ്ചാരികളുടെ പ്രിയ സങ്കേതമായ വയനാട്ടില്‍ ജനിച്ച എനിക്ക് ട്രെയിന്‍ എന്നും ഒരു കാഴ്ച വസ്തു ആയിരുന്നു .വള്ളിക്കാവിലെ പഠന കാലത്ത് വല്ലപ്പോഴും ഒരു നിധി പോലെ വീണു കിട്ടുന്ന  കുറച്ചു ദിവസങ്ങള്‍ , ആരോടൊക്കെയോ മുന്‍പേ പറഞ്ഞേല്‍പ്പിച്ചു കിട്ടുന്ന ഒരു ട്രെയിന്‍ ടിക്കറ്റ്‌.ഇതായിരുന്നു ട്രെയിന്‍ യാത്ര എന്നതിനെ പറ്റി എന്റെ മനസിലെ ഒരു ഓര്‍മ്മ ചിത്രം
അങ്ങനെ വളരെ കാലത്തിനു ശേഷം തരപ്പെട്ട ഒരു ട്രെയിന്‍ യാത്രയായിരുന്നു ഈ കഴിഞ്ഞ മാസത്തേത്.ഞാനും ദിലീപേട്ടനും വളരെ കാര്യമായി തന്നെ  ത്രീ ടിയര്‍  എ സി  യില്‍ രണ്ടു ബര്‍ത്തും ബുക്ക്‌ ചെയ്തു നവംബര്‍ മുതല്‍ കാത്തിരിപ്പ്‌ തുടങ്ങി .ഒടുവില്‍ പോകേണ്ട ദിവസവും വന്നെത്തി : ജനുവരി ഇരുപതു വെള്ളിയാഴ്ച . രാത്രി  എട്ടേ അന്‍പതിനു  മജെസ്ടികില്‍ നിന്നുമാണ് ട്രെയിന്‍ ..അന്ന് ലീവ് എടുക്കാന്‍ വയ്യെന്ന് പറഞ്ഞ ദിലീപേട്ടന്‍  വൈകിട്ട് ആറു മണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങാം എന്ന് വാഗ്ദാനവും നല്‍കി ഉച്ചക്കത്തെ ഷിഫ്റ്റില്‍ പോയി ..എങ്ങനെയോ ആറേ കാലിനു വീട്ടില്‍ എത്തി ..ആറര ക്ക് വരാന്‍ പറഞ്ഞ ക്യാബില്‍ ആറേ മുക്കാലോടെ ഞങ്ങള്‍ രണ്ടു പേരും കയറി യാത്ര തുടങ്ങി. സി വി രാമന്‍ നഗര്‍ ഇല്‍ നിന്നും മജെസ്ടികില്‍ എത്താന്‍ രണ്ടു മണിക്കൂര്‍..അതിലും ഭയങ്കരം മജെസ്ടികില്‍ നിന്നും മജെസ്ടിക് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ മുക്കാല്‍ മണിക്കൂര്‍ എടുത്തു എന്നതായിരുന്നു ..ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക്, അതും വെള്ളിയാഴ്ചത്തെത് വളരെ ദുസ്സഹം തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..

ഒരു വിധത്തില്‍ ക്യാബ്  ഡ്രൈവര്‍ക്ക്  അയാളുടെ യാത്രാ കൂലി കൊടുത്തു ഞങ്ങള്‍ സ്റ്റേഷന്‍ ന്റെ ഉള്ളില്‍ എത്തി .പ്ലാട്ഫോരം നമ്പര്‍ ഒന്‍പതും അന്വേഷിച്ചുള്ള നെട്ടോട്ടം ആയിരുന്നു പിന്നെ .അപ്പോള്‍  സമയം  എട്ടു മുപ്പത്.എങ്ങനെ ഒക്കെയോ ഒന്‍പതാം നമ്പര്‍ പ്ലാറ്റ് ഫോര്മില്‍ എത്തി ..അപ്പോഴതാ അടുത്ത കടമ്പ , ബി വണ്ണ്‍ കൂപ്പ എവിടെ വരും എന്നത് ആര്‍ക്കും അറിയില്ല ..നടക്കാനും ഓടാനും ഉള്ള ശേഷി ഏറെക്കുറെ   നഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന ഞാന്‍ ദിലീപേട്ടനെ അടുത്ത് വിളിച്ചു പറഞ്ഞു "നമുക്ക് ഈട നില്ക്കാ പ്പാ, എനക്ക് ഇനി ഓടാന്‍ വയ്യ .. ട്രെയിന്‍ വന്നാല്‍ അറിയൂലെ ഏടയാണ് ഓരോന്നും വരലെ ന്നു [ഹി ഹി , രണ്ടു കൊല്ലം കൊണ്ട് ഞാന്‍ ഒരു പയ്യന്നൂര്‍ കാരി ആയി :) ]".എന്റെ ദയനീയാവസ്ഥ കണ്ട ദിലീപേട്ടന്‍ ഓട്ടം നിര്‍ത്തി എന്റെയടുത്തു തന്നെ നില്പായി ..കൃത്യം എട്ടേ അന്‍പതിനു യശ്വന്ത് പൂര്‍ - കണ്ണൂര്‍  എക്സ്പ്രസ്സ്‌ സ്റ്റേഷനില്‍ എത്തി ..എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കയറി ഒപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ ..കയ്യില്‍ കുടിവെള്ളം പോലും കരുതാതെ ആണ് ഞങ്ങള്‍ രണ്ടു മഹാജനങ്ങള്‍ യാത്ര ആരംഭിച്ചത് ..കഴിക്കാന്‍ എന്റെ ലാപ്ടോപ് ബാഗില്‍ ഉള്ള  ഒന്ന് രണ്ടു ആപ്പിള്‍ അല്ലാതെ വേറെ ഒന്നുമില്ല.അന്ന് ഉച്ചക്ക് ദിലീപേട്ടന്‍ ഉണ്ടാക്കി തന്ന തണ്ണി മത്തന്‍ ജ്യൂസ്‌ ആയിരുന്നു ഏക ആശ്രയം ..
ട്രെയിന്‍  സ്റ്റേഷന്‍ വിടാനായപ്പോഴേക്കും  ബി വണ്‍  കൂപ്പയിലെ അവസാന ബര്‍ത്തും നിറഞ്ഞിരുന്നു ..ഞാനും ദിലീപേട്ടനും ഞങ്ങളുടെ ലഗ്ഗേജ് ഒക്കെ ഭദ്രമായി ഒരിടത്തു വച്ച് ഇരിപ്പ് പിടിച്ചു ..അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബം , ഒരു അമ്മയും മകളും മകളുടെ ഭര്‍ത്താവും അടങ്ങുന്ന മറ്റൊരു കൂട്ടര്‍ - ഇവരായിരുന്നു ബി വണ്‍  ലെ ഞങ്ങളുടെ സഹയാത്രികര്‍ . രണ്ടാമത്തെ കൂട്ടര്‍ വളരെ അവശത ബാധിച്ച ഒരു ഗ്രൂപ്പ്‌ ആണെന്ന് തോന്നിക്കും വിധം ആയിരുന്നു ആ അമ്മയുടെയും മകളുടെയും പെരുമാറ്റ രീതികള്‍ .രണ്ടു പേരും നന്നേ മെലിഞ്ഞു ശോഷിച്ചു ആരോഗ്യമില്ലാത്തവരെ പോലെ കാണപ്പെട്ടു .മകളുടെ ഭര്‍ത്താവാണെങ്കില്‍ ഒരു കടിഞ്ഞൂല്‍ പൊട്ടന്‍ മാറി നില്‍ക്കുന്ന തരം.
ആദ്യത്തെ ഗ്രൂപ്പിലെ മക്കള്സ് രണ്ടു പേരും ഈ ലോകത്ത് തങ്ങള്‍ക്കു  വേറെ ഒന്നും ബാധകം അല്ല എന്ന ഭാവത്തില്‍ ബിസ്കറ്റ് തിന്നാല്‍ തുടങ്ങി .പലപ്പോഴും ധ്രുവ് എന്ന വല്യേട്ടന്‍ ദൃശ്യ എന്ന കുഞ്ഞനിയത്തിയെ  കൊതിപിടിപ്പിക്കുന്നതില്‍ മത്സരിക്കുന്നത് കാണാമായിരുന്നു ..അച്ഛന്‍ കിരണും അമ്മ ദിവ്യയും അവരുടെ ഈ കളികള്‍ ആസ്വദിച്ചു കൊണ്ടിരുന്നു .

എത്ര നേരം ആ കുരുന്നുകളുടെ കളിയും നോക്കി അങ്ങനെ സ്വയം മറന്നിരുന്നു  എന്നോര്‍മ്മയില്ല ..ബിരിയാണി , പുലാവ് എന്ന നിര്‍ത്താതെയുള്ള വിളംബരവുമായി ഒരു കാന്‍റീന്‍ ജീവനക്കാരന്‍ എത്തിയതോടെ രംഗം ആകെ ഒന്ന് കൊഴുത്തു.എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായി .. ഞാനും ദിലീപേട്ടനും ഓരോ വെജ് പുലാവ് വാങ്ങി കഴിച്ചു .അത് കഴിഞ്ഞു എല്ലാവരും ഉറങ്ങാനുള്ള വട്ടമായി .എനിക്ക് കുറെ നേരത്തേക്ക് ഉറക്കമേ വന്നില്ല .അതിനു പ്രധാന കാരണം ദൃശ്യയുടെ കരച്ചില്‍ ആയിരുന്നു .പിന്നെ വരാനിരിക്കുന്ന ഞങ്ങളുടെ വാവയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി, അധികം വൈകാതെ ഞാന്‍ ഉറക്കമായി ..എപ്പോഴോ ട്രെയിന്‍ ഏതോ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു .പിന്നെ ഉറക്കം വന്നില്ല .എ സി എന്ന് പറഞ്ഞു ബുക്ക്‌ ചെയ്തിട്ട് അവസാനം എ സി കേടായ അവസ്ഥയില്‍ ആയിരുന്നു ഞങ്ങളുടെ കൂപ്പയുടെ സ്ഥിതി . ഞങ്ങള്‍ക്ക് കിട്ടിയ ബെര്ത്തിന്റെ സമീപ പ്രദേശത്തെങ്ങും  ഒരു ഫാന്‍ പോലും ഉണ്ടായിരുന്നില്ല .എന്റെ ഉറക്കം പോയ അവസ്ഥയില്‍ കുറെ നേരം അങ്ങനെ തന്നെ കിടന്ന ശേഷം ഞാന്‍ പതിയെ ദിലീപേട്ടനെ വിളിച്ചുണര്‍ത്തി ..ഞങ്ങള്‍ രണ്ടു പേരും കൂടി രണ്ടു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി .ട്രെയിന്‍ മൈസൂര്‍ സ്റ്റേഷനില്‍ ആണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ദിലീപേട്ടന്‍ പോയി ഒരു കുപ്പി മിനെറല്‍ വാട്ടര്‍  വാങ്ങി കൊണ്ട് വന്നു ..കമ്പാര്‍ട്ട് മെന്റിലെ ചൂടും തലേന്ന് കഴിച്ച വെജ് പുലാവും കാരണം ഞങ്ങള്‍ രണ്ടു പേരും മടു മടാന്നു കുറെ വെള്ളം അകത്താക്കി ..അത് കഴിഞ്ഞു ഒന്ന് ബാത്റൂമില്‍ ഒക്കെ പോയി ഫ്രഷ്‌ ആയി വന്ന ശേഷം വീണ്ടും കിടന്നു [ വേറെ എന്ത് ചെയ്യാന്‍ , ഞങ്ങളുടെ വാവ ഇതിനിടയ്ക്ക് എന്നെ മാന്തി നോക്കുന്നുണ്ടായിരുന്നു ]
 അങ്ങനെ കുറച്ചു നേരം കൂടി ഉറങ്ങി ,അപ്പോഴേക്കും കിരണ്‍ ദിവ്യ എന്നിവരുടെ സംസാരം സാമാന്യം ഉച്ചത്തില്‍ കേട്ടു തുടങ്ങി ,ഞാന്‍ പകുതി ഉറക്കത്തില്‍ എന്ന പോലെ വീണ്ടും അങ്ങനെ കിടന്നു .കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ ദിലീപേട്ടനെ കണ്ടില്ല ,ഞാന്‍ ആദ്യം ഒന്ന്  പരിഭ്രമിച്ചു എങ്കിലും പെട്ടെന്ന് എണീറ്റ്‌ പോയി നോക്കി , ആളെ എവിടെയും കാണാന്‍ കഴിഞ്ഞില്ല .ഇതിനിടയില്‍ കിരണ്‍ ദിവ്യ അവരുടെ മക്കള്‍ എല്ലാവരും ഇറങ്ങി .എനിക്ക് മനസ്സിലായി , ട്രെയിന്‍ സുബ്രമണ്യ റോഡ്‌ എന്ന സ്റ്റേഷനില്‍ ആണെന്ന് ..
പിന്നെ കുറെ നേരം കഴിഞ്ഞപ്പോള്‍ അതാ വരുന്നു ,ദിലീപേട്ടന്‍ .സ്റ്റേഷനില്‍ കൂടി ചുമ്മാ നടക്കാന്‍ പോയതാണ് പോലും ,ഹും , എനിക്ക് കുറേശ്ശെ ദേഷ്യം വരാതിരുന്നില്ല .പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല[വേണ്ടപ്പാ,നമ്മ എന്തിനാന്നു വെറുതെ പുലിവാല് പിടിക്കുന്നേ, ഓരോരുത്തര്‍ ഓരോ ടൈപ്പ് അല്ലേന്നു, വീണ്ടും പയ്യന്നൂര്‍ ,ഹി ഹി ഹി ]
എങ്ങനെ ഒക്കെയോ കിടന്നു സമയം കളഞ്ഞു , അടുത്ത സ്റ്റേഷന്‍ പുത്തൂര്‍ , അവിടെ ആ അമ്മയും മകളും പിന്നെയാ കടിഞ്ഞൂല്‍ പൊട്ടനും ഇറങ്ങി.പോകാന്‍ നേരത്ത് ആ അമ്മ എന്നോട് 'ബര്‍ത്തിവി'[കന്നഡ ] എന്ന് പറഞ്ഞു , ചുമ്മാ എന്തിനാ എന്ന് കരുതി ഞാന്‍ 'സെരിആയിത്തു' എന്ന് പറഞ്ഞു ഒന്നു  ചിരിച്ചു .. 
അടുത്ത സ്റ്റേഷന്‍ മംഗലാപുരം : ഓ , സമാധാനമായി ഈശ്വരാ, ഇനി എന്തേലും കഴിക്കാം എന്നും പറഞ്ഞു ദിലീപേട്ടന്‍  പോയി രണ്ടു പേര്‍ക്കുള്ള പൂരി മസാലയും ഒരു മിനെരല്‍ വാട്ടര്‍ ഉം വാങ്ങി വന്നു .അത് കഴിച്ചു കഴിഞ്ഞപ്പോഴാണ്  കുറച്ചു ആശ്വാസമായത് .. അടുത്ത ഒരു മണിക്കൂര്‍ മംഗലാപുരത്ത് .ഹുഹ് !ഇതാണ് സഹിക്കാന്‍ വയ്യാത്തത് ,ഇന്ത്യന്‍ റെയില്‍വേയുടെ  കാര്യത്തില്‍ ..ആമ ഇതിലും വേഗത്തില്‍ പോകും ..എന്റെ അമ്മോ , എങ്ങനെയെങ്കിലും  ഒന്നു പയ്യന്നൂര്‍ എത്തിയിരുന്നെങ്കില്‍ .. ഏതായാലും എല്ലാവരും ഇറങ്ങി ,ഞങ്ങളുടെ ബി വണ്‍  കൂപ്പയില്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും ഒഴികെ വേറെ ആരുമില്ല എന്നായി ..ഞാന്‍ പിന്നെയും കുറച്ചു നേരം കിടന്നു ഒന്നു മയങ്ങി .കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നനുത്ത കാറ്റ് വീശിയ പോലെ തോന്നി ഞാന്‍ കണ്ണ് തുറന്നു ,അപ്പോള്‍ ദിലീപേട്ടന്‍ "ഇപ്പോള്‍ കാറ്റ്  ആയില്ലേ , ഞാന്‍ ആ എ സി നന്നാക്കുന്ന ആളെ വിളിച്ചു എല്ലാം ശരിക്കാക്കിനി".എനിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു .ദിലീപേട്ടന്‍ എന്ന വ്യക്തിയോട്പതിവില്‍   കൂടുതല്‍  സ്നേഹവും ബഹുമാനവും തോന്നിയ നിമിഷങ്ങള്‍ :)