Monday, February 27, 2012

അയല്‍ക്കാര്‍

ഈയിടെ അമ്മയോട് ചുമ്മാ അന്വേഷിച്ചതാ , നമ്മുടെ അയല്‍ക്കാരെ  പറ്റി- അമ്മേനമ്മുടെ അയല്‍ക്കാര്‍ ഒക്കെ എന്ത് പറയുന്നു , ഞാന്‍ ഉദ്ദേശിച്ചത് ലത ചേച്ചി ,രേഷ്മഅമ്മാമ്മ എന്നിവരെയാണെന്ന്  അമ്മക്ക്  വേഗം തന്നെ  മനസ്സിലായി .അല്ല അതങ്ങനെ അല്ലേ വരൂ  , വേറെ ആരാ ഇത്ര നല്ലവരായ അയല്‍ക്കാര്‍ ..ഹും , ഏതായാലും അമ്മയുടെ മറുപടി ഇങ്ങനെ  ആയിരുന്നു "രേഷ്മയും  രാജേഷും  പിള്ളേരും ഇപ്പോള്‍ കുറച്ചകലെയായി ഒരു വാടക വീട്ടിലാണ്‌ താമസം .."  കുറച്ചു നാള്‍ മുന്‍പ്  ലത  ചേച്ചിയില്‍ നിന്നും കിട്ടിയ വിവരം ആണ് പോലും .ആ ,പിള്ളേര്‍ക്ക് സ്കൂളില്‍ പോകാന്‍ ഒക്കെ അതല്ലേ സൗകര്യം എന്ന് അമ്മയും പറഞ്ഞു പോലും . ഹി ഹി ഹി .നമ്മുടെ മാതാശ്രീയുടെ ഓരോ കാര്യങ്ങള്‍ .. ഇതെല്ലാം കേട്ട് ഞാനും അമ്മയെ പിന്താങ്ങി , അവര്‍ അമ്മയും മകളും തമ്മില്‍ പണ്ടേ ചേരില്ല , അതോണ്ടല്ലേ , പണ്ട്  ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പാതി വഴിയില്‍ വച്ച് പഠിത്തം നിര്‍ത്തിയത് . അതൊരു രസകരമായ കഥയാണ്‌ ..അതിനു മുന്‍പേ  ലത  ചേച്ചി , രേഷ്മ     ഇവരുടെ    പഴയ  കാലം  എങ്ങനെ ആയിരുന്നു എന്നാണ് ..ഞങ്ങള്‍ ഈ നാട്ടില്‍ താമസം തുടങ്ങുന്ന സമയം മുതല്‍ കേള്‍ക്കുന്നതാണ് ലത  ചേച്ചിയും അവരുടെ ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞു താമസിക്കുക ആണെന്ന് ..അവരും അവരുടെ ഭര്‍ത്താവു ശ്രീമാന്‍ വിജയനും അത്യാവശ്യം ഭേദപ്പെട്ട നിലയ്ക്ക് വരുമാനം ഉള്ള രണ്ടു തുന്നല്‍ക്കാര്‍ ആയിരുന്നു ..രണ്ടു പേരും ആ നിലക്ക്  തുടര്‍ന്നിരുന്നു എങ്കില്‍ നല്ല രീതിയില്‍ ഉള്ള ഒരു സാമ്പത്തിക ശേഷി കൈ വരിക്കാന്‍  എന്നേ അവര്‍ക്ക് സാധിച്ചേനെ എന്നു കുട്ടിയായിരുന്നപ്പോള്‍  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വിജയന്‍ നല്ല ഒരു തുന്നല്‍ക്കാരന്‍ എന്നതിലുപരി ഒരു തികഞ്ഞ മദ്യപാനി കൂടി ആയിരുന്നു .പണിയെടുത്തു കിട്ടുന്ന കാശിനു മദ്യപിച്ചു വീട്ടിലെത്തുന്ന അയാള്‍ ഭാര്യയെ പീഡിപ്പിക്കുന്നതില്‍ ഹരം കൊള്ളുന്ന ഒരുവന്‍ കൂടിയായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . അങ്ങനെ നിരന്തരമുള്ള ഭര്‍തൃ പീഡനം  സഹിക്കാന്‍ വയ്യാതെ ലത  ചേച്ചി തന്റെ രണ്ടു മക്കളെയും എടുത്തു സ്വന്തം വീട്ടില്‍ വന്നു താമസം തുടങ്ങി ..അധികനാള്‍ കഴിയും മുന്‍പേ തന്നെ രേഷ്മയുടെ  ചേച്ചി ജ്യോതി എന്തോ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു .. പിന്നെ അവളും  അമ്മയും അമ്മാമ്മയും ആയി ഒരു ഗ്രൂപ്പ്‌ , കാരണം അവരുടെ തറവാട്ടില്‍ രേഷ്മ  അച്ഛന്‍ എന്നു വിളിച്ചിരുന്ന ലത ചേച്ചിയുടെ അച്ഛന്‍ ,രാഘവേട്ടന്‍ ,പിന്നെ അവളുടെ മാമന്‍ കുഞ്ഞേട്ടന്‍ എന്നറിയപ്പെടുന്ന ശ്രീനിവാസന്‍ , അമ്മായി ലളിത  അവരുടെ മക്കളായ അപ്പ എന്ന രജിത്  ,രേഖ എന്നിവര്‍ ആദ്യമേ വേറൊരു ഗ്രൂപ്പ്‌ ആയിരുന്നു ..ഞങ്ങളുടെ വീട്ടിലേക്കു തിരിയുന്ന കവലയ്ക്കുള്ള ഒരു  പീടികമുറി  പോലെയുള്ള വീട്ടിലാണ്‌ രേഷ്മയുടെ  മൂത്തമ്മ ശാന്ത ഭര്‍ത്താവു കുമാരന്‍  [ഇയാളും വിജയനെ പോലെ തന്നെ മൂക്ക് പിഴിഞ്ഞാല്‍ മുന്നാഴി എന്ന തരം  ആണ് ].. മക്കളായ രമ്യ  , രാഹുല്‍  എന്നിവരും താമസിച്ചിരുന്നത് ..ലത  ചേച്ചി തയ്യല്‍ പണി ചെയ്തു കിട്ടുന്ന വരുമാനം ആയിരുന്നു അവര്‍ക്കും മകള്‍ക്കും ഒരു ആശ്രയം ..ശ്രീമാന്‍ വിജയന്‍ പിന്നെ കുറഞ്ഞൊരു കാലത്തേക്ക് ഒരു നിശബ്ദ കഥാ  പാത്രമായി  തുടര്‍ന്ന് പോന്നു .. കുറച്ചു  കാലം അങ്ങനെ ഒരു പ്രശ്നങ്ങളുമില്ലാതെ  കടന്നു പോയി ..ഒരു  ദിവസം ഞാനും അനുജത്തിയും സ്കൂളില്‍ പോകാന്‍ തയ്യാറാകവേഞങ്ങളുടെ വീട്ടില്‍ നിന്നും വെള്ളം കോരിക്കൊണ്ട് പോയ ലത  ചേച്ചിയുടെ ഒച്ചയും ബഹളവും   കേട്ടാണ്  അച്ഛനും  മറ്റു നാട്ടുകാരും  റോഡിലേക്ക്  ശ്രദ്ധിച്ചത് ..അപ്പോഴാണ്‌ ഒരു പേനാ കത്തിയുമായി  നില്‍ക്കുന്ന ശ്രീമാന്‍ വിജയന്‍ അവരുടെ കണ്ണില്‍ പെട്ടത് ..കിട്ടിയ സമയത്തിനിടെ ലത  ചേച്ചിക്കിട്ടു ഒരു കുത്തും കിട്ടിയിരുന്നു .അവസാനം എല്ലാവരും കൂടി അയാളെ ഈ നാട്ടില്‍ നിന്നു തന്നെ ഓടിച്ചു വിട്ടു ..വീണ്ടും പ്രശ്നങ്ങളൊന്നുമില്ലാതെ കുറഞ്ഞൊരു കാലം അങ്ങനെ പോയി ..അതിനിടയ്ക്ക് ഒരിക്കല്‍ ആരോ പറഞ്ഞു കേട്ടുവിജയന്‍ ആത്മഹത്യ  ചെയ്തെന്ന്..അന്നേ ദിവസം കുടിച്ച മദ്യം അയാളെ കൊണ്ട്  അങ്ങനെ ചെയ്യിച്ചതാണ് എന്ന് നാട്ടുകാരും വീട്ടുകാരും വിധിയെഴുതി ..
നാട്ടിലെ ഈ ബഹളങ്ങള്‍ക്കിടയിലൂടെ  ഞങ്ങള്‍ കുട്ടികളുടെ  അധ്യയന കാലവും ബഹുദൂരം മുന്നോട്ടു പോയിരുന്നു ..ഞാനും രേഷ്മയും   അങ്ങനെ എസ് എസ്  എല്‍ സി  എന്ന കടമ്പ കടക്കാന്‍ മാസങ്ങള്‍ മാത്രം എന്ന നിലയില്‍ ..രമ്യ  ഒന്‍പതാം തരത്തില്‍ ,എന്റെ ചന്ദു  വാവ  എട്ടാം തരത്തില്‍  ഞങ്ങളുടെ കുഞ്ഞാവ രണ്ടാം തരത്തില്‍ ..അങ്ങനെ ഇരിക്കെ ഒരു ഓണക്കാലം : ആ ഓണത്തോടനുബന്ധിച്ചു രേഷ്മ  കുറെ നാള്‍ സ്കൂളില്‍ വരാതെയായി ..അയല്‍വാസി എന്ന നിലയ്ക്ക്  അധ്യാപകര്‍ എന്നോടാണ് ആദ്യം അന്വേഷിച്ചത് .ഞാന്‍ അമ്മ വഴിക്ക്  ലത  ചേച്ചിയോട് അന്വേഷിച്ചു ..കിട്ടാതെ പോയ ഒരു ഓണക്കോടിയുടെ പേരിലാണ്  രേഷ്മ  പഠിപ്പു മുടക്കല്‍ സമരം തുടങ്ങിയിരിക്കുന്നത് എന്ന് കേട്ടപ്പോള്‍ എനിക്ക്  സത്യത്തില്‍ ചിരിയാണ് വന്നത് .ഇതെന്താപ്പാ കഥ ..എനിക്കൊന്നും അങ്ങോട്ട്‌ മനസ്സിലായില്ല ..പത്താം തരം  എന്ന കടമ്പ  മുന്നിലുള്ളപ്പോള്‍ ആരാ അയല്‍ക്കാരെ പറ്റി  അന്വേഷിക്കാന്‍ പോകുന്നേ..ഏതായാലും രേഷ്മയെ   അവളുടെ  തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല ..ഒരാഴ്ചത്തേക്ക് അവള്‍ അവളുടെ സ്വന്തം മുറിയില്‍ നിന്നു പുറത്തിറങ്ങാനും അമ്മയോടും മറ്റുള്ളവരോടും സംസാരിക്കാനും മടി കാണിച്ചു ..പതിയെ  രേഷ്മ  എന്ന കഥാപാത്രത്തെ എല്ലാവരും മറന്നു ..ഞാന്‍ പത്താം തരം ജയിച്ചു ഇരുന്ന സമയത്ത് കേട്ടു അവള്‍ ഓപ്പണ്‍ സ്കൂളില്‍ പോയി പത്താം തരം പരീക്ഷ എഴുതുന്നു എന്ന് .പിന്നീട്  അവിടെന്നു തന്നെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം നേടിയത്രേ , അവരുടെ കുടുംബപരമായ തൊഴില്‍ തന്നെ ..തയ്യല്‍ ... അതിനു ശേഷം വീട്ടില്‍ ഇരുന്നു തയ്യല്‍ ജോലികളില്‍ മുഴുകി ..
അതിനു  ശേഷം വീണ്ടും രണ്ടു മൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി .. ഞാന്‍ പ്ലസ്‌ ടു കഴിഞ്ഞു ഡിഗ്രി പഠനം തുടങ്ങിയ ജനുവരിയില്‍ എപ്പോഴോ ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ  പറഞ്ഞു കേട്ടു രേഷ്മയ്ക്ക്  കല്യാണം ഉറപ്പിച്ചു എന്ന് ..മീനങ്ങാടിയില്‍ എവിടെയോ ഒരു ഇലക്ട്രിക്‌ ഷോപ്പില്‍ സൈല്‍സ് മാന്‍ ആയ രാജേഷ്  എന്നൊരാളാണ്  വരന്‍ ..ഏതായാലും ഞാനും അനിയനും അനിയത്തിയും ഒക്കെ നാട്ടില്‍ ഉള്ള സമയം ആയതു കൊണ്ട് നിശ്ചയം ഞങ്ങള്‍ എല്ലാരും പങ്കെടുത്തു ജോര്‍  ആക്കി ..അധികം താമസിയാതെ തന്നെ അവരുടെ കല്യാണം കഴിഞ്ഞു ; അതിനു ശേഷവും ഇട വിട്ടു  അമ്മയുടെ അടുത്ത്  വന്നു താമസിക്കുന്നത് രേഷ്മ   ഒരു ശീലമാക്കി ..രാജേഷ്‌  ദത്തു നില്ക്കാന്‍ തയ്യാറായിരുന്നു എന്നാണ് അതിനെ പറ്റി ലത ചേച്ചിയുടെ അഭിപ്രായം ..എല്ലാവരും അത് ശരി വച്ചുഒറ്റയ്ക്ക് താമസിക്കുന്ന അമ്മമാര്‍ക്ക് ഇതൊക്കെയല്ലേ ഒരു ആശ്വാസം :) .. കാലം കടന്നു പോകെ  അവര്‍ക്ക്  രണ്ടു പെണ്‍കുട്ടികള്‍  ജനിച്ചു ,,അപ്പോഴേക്കും രേഷ്മ  അമ്മയോടൊപ്പം സ്ഥിര താമസമാക്കിയിരുന്നു ..രാജേഷ്‌  ഇടയ്ക്ക് വന്നും പോയുമിരുന്നു .

ഇങ്ങനെ  വളരെയധികം സന്തോഷത്തില്‍ കഴിഞ്ഞു പോന്നിരുന്ന ആ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ ഇങ്ങനെ ഒരു അകല്‍ച്ച വരാന്‍ എന്താണ് കാരണം എന്നതു പിടികിട്ടാത്ത ഒരു  കാര്യമായി തുടര്‍ന്ന് പോകെ  അവസാനം  താഴത്തെ വീട്ടിലെ  ലൂസി ചേച്ചിയാണ്    പതിവുള്ള  അയല്‍കൂട്ടം മീറ്റിങ്ങിന്റെ അവസാന ഭാഗമായ പരദൂഷണ  ചര്‍ച്ചയ്ക്കിടെ ഈ കാര്യം എടുത്തിട്ടത് .."നമ്മുടെ ലതയുടെ  മകള്‍ രേഷ്മയും ഭര്‍ത്താവും മക്കളും ഇപ്പോള്‍ താമസം വാടക വീട്ടിലാ , അവള് പണ്ട്  പിണങ്ങിയ പോലെ ഇപ്പോഴും കോടി ഉടുപ്പാണ് പ്രശ്നം എന്നാ ലത പറഞ്ഞു കേട്ടത് .അവളുടെ  മക്കള്‍ക്ക്‌ രണ്ടു പേര്‍ക്കും  കഴിഞ്ഞ ഓണത്തിന് ലത ഒന്നും വാങ്ങി കൊടുത്തില്ല പോലും .ഹും പെണ്ണുങ്ങള്‍ക്ക്‌ ഇത്രയും അഹമ്മതി പാടില്ല കേട്ടോ ,രേഷ്മയും രാജേഷും നല്ലോണം  കാശ്  ഉണ്ടാക്കുന്നു,ആ ലത ആണേല്‍ വീടുപണി കഴിഞ്ഞ  വകയില്‍  ഉണ്ടായ  കട  ബാധ്യത  ഒഴിവാക്കാന്‍  പാടു പെടുകയാ ".   ഇതെല്ലാം കേട്ടപ്പോള്‍ എനിക്കിങ്ങനെ ചിന്തിക്കാനാണ് തോന്നിയത് ,
"അച്ഛനും അമ്മയും എന്തൊക്കെ ചെയ്തു കൊടുത്താലാണ്  വളര്‍ത്തി വലുതാക്കിയ ഒരു  കുഞ്ഞിനോടുള്ള അവരുടെ  ഉത്തരവാദിത്തം  തീരുന്നത് , അല്ലെങ്കില്‍ എന്ത് ചെയ്താലാണ് ഒരു  അച്ഛനും അമ്മയും  മക്കളുടെ  പരാതി പറച്ചിലില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് ".അതോ മനുഷ്യന്‍  ഒരു സാമൂഹ്യ ജീവി ആയതു കൊണ്ട് സമൂഹത്തോടുള്ള അവന്റെ ഉത്തരവാദിത്തങ്ങള്‍ ജീവിതാവസാനം വരെ തീരുന്നില്ല എന്നത്  ഇവിടെയും ബാധകമാണോ .. 
മനസ്സില്‍  ഇതുപോലുള്ള നൂറു ചോദ്യങ്ങളുമായി ഞാന്‍ അയല്‍കൂട്ടം മീറ്റിങ്ങില്‍ നിന്നും ഇറങ്ങി നടന്നു ..